യുദ്ധം അവസാനിപ്പിക്കാന്‍ കഴിയാത്തത് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ലജ്ജാകരമായ കഴിവില്ലായ്മ; ആയുധങ്ങള്‍ ഭാവി കെട്ടിപ്പെടുക്കുന്നില്ല; രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ

മധ്യേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മധ്യേഷ്യയിലെ കത്തോലിക്കാവിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണു മാര്‍പാപ്പ വിമര്‍ശനം കടുപ്പിച്ചത്.

യുദ്ധം ഒരു പരാജയമാണ്. ആയുധങ്ങള്‍ ഭാവി കെട്ടിപ്പടുക്കുന്നില്ല, മറിച്ച് അതിനെ നശിപ്പിക്കുന്നു. അക്രമം ഒരിക്കലും സമാധാനം നല്‍കുന്നില്ല. ചരിത്രം ഇതു തെളിയിക്കുന്നു. എന്നിരുന്നാലും വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.

ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കുന്നതില്‍ ലോകശക്തികളുടെ ‘ലജ്ജാകരമായ കഴിവില്ലായ്മ’യാണു പ്രകടമായതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഞാന്‍ നിങ്ങളെക്കുറിച്ച് ഓര്‍ക്കാറും പ്രാര്‍ഥിക്കാറുമുണ്ട്. പ്രതികാരത്തിനുള്ള ആഗ്രഹത്തോടൊപ്പം പകയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഏറ്റവും ആവശ്യമുള്ളതും ഏറ്റവും ആഗ്രഹിക്കുന്നതുമായ സംവാദവും സമാധാനവും എന്താണെന്ന് കുറച്ച് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്ന് അദേഹം കത്തില്‍ പറയുന്നു.

നേരത്തെ,ഒരേസമയം ഗാസയിലും ലബനനിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണം അധാര്‍മികമാണെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. യുദ്ധത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇസ്രയേല്‍ ഗാസയിലും ലബനനിലും ആക്രമണം നടത്തുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആരോപിച്ചു.

പ്രതിരോധത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞ മാര്‍പാപ്പ അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയ്ക്ക് മാനുഷിക സഹായം നല്‍കല്‍ എന്നിവയെപ്പറ്റിയും സംസാരിച്ചു.

Read more

പ്രതിരോധം എല്ലായ്പോഴും ആക്രമണത്തിന് ‘ആനുപാതികമായിരിക്കണം’. യുദ്ധംതന്നെ അധാര്‍മികമാണെങ്കില്‍പ്പോലും ധാര്‍മികതയെ സൂചിപ്പിക്കുന്ന ചില നിയമങ്ങള്‍ അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.