ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡിഷ തീരത്ത് എത്താനാണ് സാധ്യത.

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറന്‍- വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ട്. കേരളത്തില്‍ കാറ്റും ഇടിമിന്നലോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരാനും നിര്‍ദ്ദേശമുണ്ട്.