'മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു'; പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്, കൺട്രോൾ റൂം തുറന്നു; മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം

മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ ലാബിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. നേരത്തെ കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ ടെസ്റ്റിൽ നിപ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജില്ലയിൽ ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

പാണ്ടിക്കാട് പഞ്ചായത്തിലെ 14കാരൻ്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണ ഏർപ്പെടുത്തി. ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും സമ്പർക്കത്തിലുള്ളവരെ രക്തസാമ്പിളുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു.

മലപ്പുറത്ത് 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൂർണ സജ്ജമാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടര്‍ന്ന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നതായും നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ടെന്നും നാളെ രാവിലെ എത്തുമെന്നും മന്ത്രി പറഞ്ഞു. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇക്കഴിഞ്ഞ 15 നാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മലപ്പുറത്ത് 3 ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നു. എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നതിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുകയാണ്. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.