മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല; ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

ക്രിക്കറ്റ് പരിശീലകന്‍ മനുവിനെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അത്തരത്തിലൊരാളെ സംരക്ഷിച്ചുനിറുത്തേണ്ട ആവശ്യവും അസോസിയേഷനില്ല. മനുവിനെതിരായ കേസന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

2012 ഒക്ടോബര്‍ 12നാണ് മനു തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായെത്തുന്നത്. 2022ല്‍ മനുവിനെതിരായ ആദ്യ ആരോപണം ഉയര്‍ന്നുവെങ്കിലും അപ്പോഴും കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ ഏതെങ്കിലുംവിധത്തില്‍ പരാതി നല്‍കിയിരുന്നില്ല. ചൈല്‍ഡ് ലൈനും പോലീസും അന്വേഷണവുമായി എത്തുമ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ അസോസിയേഷന്‍ അറിയുന്നത്.

തുടര്‍ന്ന് മനുവിനെ പരിശീലക സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും മനുവിനുകീഴില്‍ പരിശീലനത്തിലുണ്ടായിരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അയാള്‍ക്കുവേണ്ടി രംഗത്തെത്തിയെന്നും അസോസിയേഷന്‍ പറയുന്നു. മനുവിനെ നിലനിറുത്തണമെന്നും സെലക്ഷനുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍മൂലം മനപ്പൂര്‍വ്വം മനുവിനെതിരെ ആരോപണം ഉന്നയിക്കുന്നതാണെന്നുമായിരുന്നു അവരുടെ വാദം.

മനുവിനെ തിരിച്ചെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം അസോസിയേഷന്‍ അതിനു തയ്യാറായില്ല. പിന്നീട് ഈ കുട്ടികളും രക്ഷിതാക്കളും പോലീസിലുള്‍പ്പെടെ മനുവിന് അനുകൂലമായി മൊഴി നല്‍കുകയും മനുവിന് ജാമ്യം ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇയാളെ തുടരാന്‍ അനുവദിച്ചതെന്നും കെസിഎ അറിയിച്ചു.

നിലവിലെ പരാതിയ്ക്ക് ആധാരമായ സംഭവം 2018ലാണ് നടക്കുന്നത്. 2022ലെ കേസിനും പരാതിക്കും ശേഷം മനുവിനെ കെസിഎ സംരക്ഷിച്ചുവെന്നും അതേതുടര്‍ന്നാണ് തുടര്‍സംഭവങ്ങളുണ്ടായതെന്നുമുള്ള ആരോപണങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണെന്നും കെസിഎ കൂട്ടിച്ചേര്‍ത്തു.

പുതിയ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മനുവിനെ പരിശീലകനായി നിയോഗിക്കരുതെന്ന് കെസിഎ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളേയും രേഖാമൂലം അറിയിച്ചു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാനും കെസിഎ നിര്‍ദ്ദേശം നല്‍കിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.