വാളയാർ കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ഉണ്ടാവില്ല; വിധിക്കെതിരെ അപ്പീല്‍ നൽകുമെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയിൽ

വാളയാറിൽ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം ഉടൻ ഉണ്ടാകില്ല. പ്രതികളെ വെറുതെ വിട്ട  ഉത്തരവിനെതിരെ മാതാപിതാക്കള്‍ക്കും സര്‍ക്കാരിനും അപ്പീല്‍ നല്‍കാമെന്നും കോടതി നിരീക്ഷിച്ചു. കേസ് സിബിഐയെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരനായ മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടക്കുളത്തിന്റെ ആവശ്യം.

പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോർട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവിൽ പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞു.

വാളയാര്‍ കേസ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.  ഇതിനിടെ, കേസിൽ പുനരന്വേഷണം വേണമെന്ന് ഹർജിയിലെ ആവശ്യത്തെ കുറിച്ച് സിബിഐയുടെ അഭിപ്രായം കോടതി തേടി. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ ഈ കേസിൽ പുനരന്വേഷണത്തിന് സാദ്ധ്യതയുള്ളൂ എന്നും സിബിഐ കോടതിയെ അറിയിച്ചു.

Read more

കേസിൽ വിചാരണ നടക്കുന്ന സമയത്തും അന്വേഷണം നടക്കുന്ന സമയത്തും എവിടെയായിരുന്നുവെന്ന് ഹർജിക്കാരനോട് ചോദിച്ച കോടതി, സാക്ഷികൾക്ക് സുരക്ഷ വേണമെന്ന ആവശ്യത്തെയും വിമർശിച്ചു. നിരവധി സാക്ഷികൾ കൂറു മാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ ഈ ആവശ്യം ഉന്നയിച്ചത്. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ കേസിൽ ഇനി സാക്ഷികൾക്ക് എന്ത് സുരക്ഷ നൽകാനാണെന്നും കോടതി ചോദിച്ചു. എങ്കിൽ ഹർജി പിൻവലിക്കാമെന്ന് വ്യക്തമാക്കിയ ഹർജിക്കാരന് അതിന് കോടതി അനുമതി നൽകിയില്ല.