'ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചെന്ന സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല'; ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് എം.വി ഗോവിന്ദന്‍

കണ്ണൂരില്‍ ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബിജെപിയില്‍ പോകാന്‍ തോന്നിയാല്‍ പോകുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണെന്നും കോണ്‍ഗ്രസ് ആണ് അത് ഗൗരവത്തില്‍ എടുക്കേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍എസ്എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ.പി ജയരാജനെതിരെ അക്രമം നടത്തിയവരില്‍ ആര്‍എസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസ്. ആദ്യം തിരഞ്ഞെടുത്ത ജില്ലയെന്ന നിലയില്‍ രണ്ട് കോടി രൂപ നല്‍കി എന്നത് ആര്‍എസ്എസ് പറഞ്ഞതാണ്.

ബിജെപിയില്‍ പോകാന്‍ തോന്നിയാല്‍ പോകുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോണ്‍ഗ്രസ് ആണ് അത് ഗൗരവത്തില്‍ എടുക്കേണ്ടത്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണയുണ്ടെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.