'അമ്മിഞ്ഞ കുടിക്കാൻ ഇത്തിരികൂടി നല്ലൊരിടം തരാമോ യൂസഫലി അങ്കിൾ?' ഫീഡിംഗ് റൂമുകളെ കുറിച്ച് ചർച്ചയായി ഒരമ്മയുടെ കുറിപ്പ്

കൃത്യമായ ഒരിടമോ, സൗകര്യമോ, സ്വകാര്യതയോ ഇല്ലാത്തതുകൊണ്ട് തന്നെ പലപ്പോഴും കുഞ്ഞുങ്ങൾക്ക് പാലൂട്ടുക എന്നത് അമ്മമാർ നേരിടുന്നൊരു വലിയ പ്രശ്നമാണ്. വിശന്ന് വലഞ്ഞ് കരയുന്ന കൈക്കുഞ്ഞുങ്ങളുമായി ബസിലും പൊതുസ്ഥലങ്ങളിലും മറ്റും അമ്മമാർ ബുദ്ധിമുട്ടുന്നത് നമ്മുടെ സമൂഹത്തിലെ നിത്യകാഴ്ചകളാണ്. എന്നാൽ പല സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇപ്പോൾ ഫീഡിംഗ് റൂമുകൾ ഉണ്ടെങ്കിലും അസൗകര്യങ്ങളും, വൃത്തിയിലായ്മയും അമ്മമാരും കുഞ്ഞുങ്ങളും നേരിടുന്ന, അധികം ചർച്ച ചെയ്യാതെ പോവുന്ന ഒരു വലിയ വിഷയമാണ്.

ഇപ്പോഴിതാ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിലെ ഫീഡിംഗ് റൂമുകളെ ‘അമ്മിഞ്ഞ കുടിക്കാൻ ഇത്തിരികൂടി നല്ലൊരിടം തരാമോ യൂസഫലി അങ്കിൾ’ എന്ന തലക്കെട്ടിൽ ലക്ഷ്മി നാരായണൻ എന്ന ഒരമ്മ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാവുന്നത്.

തുറന്നിട്ട ടോയ്‌ലെറ്റിനോട് ചേർന്നിരുന്ന് നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പറ്റുമോയെന്നും, മറ്റുള്ളവർ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അടുത്തിരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുമോയെന്നും ചോദിക്കുന്ന ലക്ഷ്മി, പിന്നെ എങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് ഇത്തരം സാഹചര്യത്തിലിരുന്ന് പാൽ കൊടുക്കാൻ സാധിക്കുകയെന്ന ചോദ്യമുയർത്തുന്നു.

ലക്ഷ്മി നാരായണൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

അമ്മിഞ്ഞ കുടിക്കാൻ ഇത്തിരികൂടി നല്ലൊരിടം തരാമോ യൂസഫലി അങ്കിൾ ?
തുറന്നിട്ട ടോയ്‌ലെറ്റിനോട് ചേർന്നിരുന്ന് നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പറ്റുമോ? മറ്റുള്ളവർ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അടുത്തിരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുമോ?
ഇല്ലെങ്കിൽ പിന്നെ കൈക്കുഞ്ഞുങ്ങളെ എന്തിനാണ് അത്തരം ഒരു സാഹച്യത്തിലേക്ക് തള്ളിവിടുന്നത്? പറഞ്ഞു വരുന്നത് ഫീഡിങ് റൂമുകളുടെ കാര്യമാണ്. കൈക്കുഞ്ഞുങ്ങളുമായി ഷോപ്പിംഗിനു പോകുമ്പോൾ ഫീഡിങ് റൂമുകളെ ആശ്രയിക്കുക സ്വാഭാവികമാണ്. സത്യത്തിൽ ഫീഡിങ് റൂം സൗകര്യം ഉള്ളത് കൊണ്ടാണ് പലപ്പോഴും ലുലുവിലേക്ക് പോകാൻ താല്പര്യം ഞങ്ങൾ താല്പര്യം കാണിക്കുന്നത്.

ഫീഡിങ് റൂം സൗകര്യങ്ങൾ ഇല്ലാത്ത മാളുകളും കൊച്ചിയിൽ ഉണ്ടെന്നിരിക്കെ ലുലുവിലേത് ഒരു സൗകര്യം തന്നെയാണ്. പക്ഷെ ചില കാര്യങ്ങൾ പറയാതെ വയ്യ.
മൊത്തം 0.8 million square feet ആണ് ഗൂഗിൾ പ്രകാരം ഇടപ്പള്ളി ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിന്റെ വിസ്തൃതി. എന്നാൽ ഇതിൽ മൂന്നു നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ഫീഡിങ് റൂമുകൾക്കായി ഓരോന്നിനും ശരാശരി 160 sqft വീതമുണ്ടാകും. ആൾത്തിരക്കില്ലാത്ത ദിവസങ്ങളിൽ ഇതൊരു വിഷയമല്ല. എന്നാൽ അവധി ദിവസങ്ങൾ, ഫെസ്റ്റിവൽ ഷോപ്പിംഗ് ഡേയ്സ്, ഓഫർ ഡേയ്സ് തുടങ്ങിയ സമയങ്ങളിൽ ഭീകരമാണ് ഈ ഫീഡിങ് റൂമുകളിലെ അവസ്ഥ. പുറമെ നിന്ന് നോക്കുന്നവർക്ക് അത് മനസിലാകില്ല.

ഒരേ സമയം ആറു പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിൽ ഇരുവശങ്ങളിലുമായി അഭിമുഖമായി ഇട്ടിരിക്കുന്ന രണ്ട് സോഫകൾ, ഭക്ഷണ വസ്തുക്കൾ, ബാഗ് എന്നിവ വയ്ക്കുന്നതിനായി ഈ രണ്ടു സോഫകൾക്ക് ഇടക്ക് ഇട്ടിരിക്കുന്ന ടീപോയ് . അത് മറികടന്നു അപ്പുറത്തുള്ള വാഷ് ബേസിന് അരികിലേക്ക് പോകണമെങ്കിൽ കൈക്കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മമാർ കുറച്ചു സർക്കസ് കാണിക്കേണ്ടി വരും. സോഫയിൽ ഇരുന്നു പാല് കൊടുക്കുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വാഷ് ബേസിന് അരികിലേക്ക് പോകുന്ന അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദുഷ്കരമാണ് ഈ അവസ്ഥ.

പലപ്പോഴും തന്റെയും കുഞ്ഞിന്റെയും ഊഴം കാത്ത് , നാലും അഞ്ചും അമ്മമാർ വരെ സോഫയുടെ വശങ്ങളിലായി നിൽക്കും. കരയുന്ന കുഞ്ഞിനെ പാല് നൽകുമ്പോൾ തൊട്ടരികിൽ മറ്റൊരു കുഞ്ഞു തന്റെ അവസരം കാത്ത് വിശന്നു കരയുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. ഫീഡിങ് റൂമിലെ തിരക്ക് കാരണം പാർക്കിങ് ലോട്ടിലെ കാറിൽ പോയി ചൂട് സഹിച്ചിരുന്നു ഫീഡ് ചെയ്തിട്ടുണ്ട്. ഇനി പറയാറുള്ളതാണ് ഏറ്റവും മർമ്മ പ്രധാനമായ കാര്യം. ഫീഡിങ്ങിനായി സോഫ സജ്ജീകരിച്ചിരിക്കുന്നതിനു തൊട്ടരുകിലായി , കയ്യെത്തും ദൂരത്താണ് കുട്ടികൾക്കായുള്ള ബേബി ബെർത്ത് , വാഷ് ബേസിൻ എന്നിവ. കുട്ടികളയാൽ മൂത്രമൊഴിക്കുകയും അപ്പി ഇടുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

അത്തരം കുട്ടികളുടെ ഡയപ്പറുകൾ അമ്മമാർ മാറ്റി , കഴുകി അവരെ വൃത്തിയാക്കുമ്പോൾ തൊട്ടരുകിലായി മറ്റു കൈക്കുഞ്ഞുങ്ങൾ പാൽ കുടിക്കുകയും കുറുക്ക് കഴിക്കുകയും ഒക്കെ ചെയ്യുകയാണ്. തുറന്നിട്ട ടോയ്‌ലെറ്റിനോട് ചേർന്നിരുന്ന് നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പറ്റുമോ? മറ്റുള്ളവർ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അടുത്തിരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽ പിന്നെ ഫീഡിങ് ഏരിയയും സാനിറ്ററി ഏരിയയും തമ്മിൽ ഒരു കാർട്ടന്റെ പോലും മറയില്ലാതെ ഇത്തരം ഒരു ഫീഡിങ് റൂം കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് എന്തിനാണ് ?

ഞാൻ ആര്യന് പാല് കൊടുക്കുമ്പോൾ പലപ്പോഴും ഇത്തരം ഒരവസ്ഥ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. അസ്വാഭാവികമായ മണം അനുഭവപ്പെടുമ്പോൾ ആര്യൻ പാൽ കുടിക്കാതെ നിർത്താതെ കരയും. മറ്റ് കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടായേക്കാം. കഴിഞ്ഞ ദിവസം ലുലു ലിറ്റിൽ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയപ്പോൾ ആര്യൻ അപ്പിയിട്ടു. ഡയപ്പർ ചേഞ്ചിന് പോയപ്പോൾ , അവിടെ 5 കുഞ്ഞുങ്ങൾ പാൽ കുടിക്കുന്നു, ഒരു വാവ ഇഡലി കഴിക്കുന്നു. അവിടെ നിന്നും കുഞ്ഞിന്റെ ഡയപ്പർ മാറ്റാൻ മനസ് അനുവദിച്ചില്ല !!! അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത് മോനാണ്.

Read more

ഒരേ സമയം 10 -12 അമ്മമാർക്ക് എങ്കിലും ഇരിക്കാൻ കഴിയുന്ന സൗകര്യത്തോടെയുള്ള ഒരു മുറി, ബാഗുകൾ വയ്ക്കാൻ ഒരിടം , മിനിമം കർട്ടൻ കൊണ്ടോ, ബോർഡ് കൊണ്ടോ മറയുള്ള ഒരു സാനിറ്ററി /ഡയപ്പർ ചേഞ്ചിങ് ഏരിയ , അത് ഈ കൈക്കുഞ്ഞുങ്ങൾ അർഹിക്കുന്നില്ലേ? അപ്പി ഇടുന്നവർക്കൊപ്പം ഇരുന്നു അപ്പം കഴിക്കുന്നത് കുഞ്ഞുങ്ങൾക്കും ഇഷ്ടമുള്ള കാര്യമല്ലന്നെ….പിന്നെ ഗതി കേട് കൊണ്ടാണ് പല അമ്മമാരും ഉള്ള സൗകര്യം ഉപയോഗിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി നൽകുന്ന വാഷ് ഏരിയ യുടെ നാലിൽ ഒന്ന് വലുപ്പവും സൗകര്യവുമെങ്കിലും ഒരു ഇന്റർനാഷണൽ ഷോപ്പിംഗ് സെന്റർ എന്ന നിലയിൽ ഫീഡിങ് റൂമുകൾക്കായി ഒരുക്കാമായിരുന്നു. അത് കൊണ്ട് ബ്രാൻഡിംഗ് ഇമേജ് വർധിക്കുക മാത്രമേ ഉള്ളു!
NB : ലുലുവിൽ ഫീഡിങ് റൂം എങ്കിലും ഇല്ലേ, ഇതൊക്കെ ഒരു പരാതിയാണോ എന്ന് പറഞ്ഞു വരുന്ന ടീംസിനോട് ഒന്നും പറയാനില്ല..