ഇനി ഡ്രൈവിംഗ് പരിശീലനം ആനവണ്ടിയില്‍; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്ത് ഇനി ആനവണ്ടിയില്‍ ഡ്രൈവിംഗ് പഠിക്കാം. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന പരിപാടി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷത നിര്‍വഹിച്ചു. സംസ്ഥാനത്ത് 23 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുക. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിതെന്നും സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുകയെന്നും മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ വകുപ്പ് നിര്‍ദ്ദേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധ സമരങ്ങള്‍ കനത്തതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിഷ്‌കാരങ്ങളില്‍ അയവ് വരുത്തുകയായിരുന്നു.

ഇതോടെയാണ് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്ന പദ്ധതിയുമായി ഗതാഗത വകുപ്പ് മന്ത്രി രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക. ഹെവി വാഹനങ്ങള്‍ പരിശീലിക്കാന്‍ 9000 രൂപയാണ് ഫീസ്.

ഇരുചക്ര വാഹനങ്ങള്‍ക്ക് 3500 രൂപയായിരിക്കും ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ് ഉണ്ടാകും. മൂന്ന് മാസത്തിനുള്ളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ലേണേഴ്‌സ് ടെസ്റ്റിനു മുന്‍പായി മോക്ക് ടെസ്റ്റ് നടത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അറിയിച്ചു.