ശശി തരൂര്‍ പുകഴ്ത്തലില്‍ പാര്‍ട്ടി കണ്ണുരുട്ടി; മലക്കം മറിഞ്ഞ് ഒ രാജഗോപാല്‍; 'ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും'

തിരുവനന്തപുരം എംപി ശശി തരൂരിനെ പുകഴ്ത്തിയ സംഭവത്തില്‍ മലക്കം മറിഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ബിജെപി സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയതോടെയാണ് അദേഹം നിലപാട് തിരുത്തിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ അദേഹം വിശദീകരണക്കുറിപ്പ് ഇറക്കി.

വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ തിരുവനന്തപുരം എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഞാനുദ്ദേശിച്ച അര്‍ത്ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്.ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ സംസാരിച്ചത്.

എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.മാത്രവുമല്ല നിലവില്‍ തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും.

ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്…ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്….

Read more

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഇന്നലെ ഒ രാജഗോപാല്‍ പറഞ്ഞത്.പാലക്കാട് നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂര്‍ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞിരുന്നു.