ഓഖി അപ്രതീക്ഷിത ദുരന്തം; മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ വരുത്തിയ ഓഖി അപ്രതീക്ഷിത ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം ഉണ്ടാകുന്നത് സംബന്ധിച്ച് മുന്നറിയിപ്പുകൾ ഒന്നും ലഭിച്ചില്ല എന്നും മുഖ്യമന്ത്രി ആവർത്തിച്ചു. നവംബർ 29 നാണ് മുന്നറിയിപ്പ് ലഭിച്ചത്, അതും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നായിരുന്നു. സമഗ്ര നാശ നഷ്ട്ട പാക്കേജ് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ കണക്ക് പ്രകാരം 92 മൽസ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാർ നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൂടാതെ ഫിഷറീസ് വകുപ്പിൽ നിന്നും 5 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും 5 ലക്ഷം എന്നിങ്ങനെയായി മൊത്തം 20 ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകുക. തൊഴിൽ എടുക്കാൻ പറ്റാത്ത രീതിയിൽ അപകടം പറ്റിയ തൊഴിലാളികൾക്ക് ജീവനോപാധിയായി 5 ലക്ഷം സർക്കാർ വേറെയും നൽകും.

ഒരാഴ്ചത്തേയ്ക്ക് പ്രഖ്യാപിച്ചിരുന്ന സൗജന്യ റേഷൻ ഒരു മാസക്കാലത്തേക്ക് നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ബോട്ട് നഷ്ട്ടപ്പെട്ടുപോയ മൽസ്യത്തൊഴിലാളികൾക്ക്  തത്തുല്യമായ പരിഹാരം ചെയ്യും. ഇതോടൊപ്പം ഒരു മാസക്കാലത്തേക്ക് സൗജന്യ റേഷനും പരുക്കേറ്റ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവ നൽകും. കണ്ടെത്താനാവാതെ വരുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അടിയന്തിരമായ തീരുമാനം എടുക്കുന്നതിന് റവന്യു, ആഭ്യന്തരം, ഫിഷറീസ് വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഇനി മുതൽ കടലിൽ പോകുന്ന തൊഴിലാളികൾ ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന രജിസ്റ്ററിൽ വിവരങ്ങൾ നല്ക്ണം, ബോട്ടിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തണം. ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ചുമതല നൽകിയിട്ടുണ്ട്. തീര ദേശ പോലീസ് സേന നവീകരിച്ച് പ്രത്യേക ഒഴിവുകൾ നികത്താനും യോഗത്തിൽ ധാരണയായതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകും. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും അൽഫോൻസ് കണ്ണന്താനവും ദുരന്തമുഖത്തെത്തി ജനങ്ങളെ ആശ്വസിപ്പിച്ചതിൽ സംസ്ഥാന സർക്കാരിന്റെ അഭിനന്ദനങ്ങൾ രേഖപ്പെടുത്താനും മുഖ്യമന്ത്രി മറന്നില്ല.