ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ സംസ്ഥാന സര്‍ക്കാരിനാണോ പിഴച്ചത്? മനോരമ വാര്‍ത്തയെ പൊളിച്ചടുക്കി ദേശാഭിമാനി

കേരള തീരത്ത് കനത്ത നാശം വിതയ്ക്കുകയും നിരവധി മത്സ്യ തൊഴിലാളികളുടെ ജീവന്‍ കവരുകയും ചെയ്ത ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കുന്നതില്‍ ആര്‍ക്കാണ് പിഴച്ചത് ? കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കൃത്യ സമയത്ത് നല്‍കുന്നതില്‍ ദുരന്ത നിവാരണ വകുപ്പ് പരാജയപ്പെട്ടതാണ് ഇത്രയും വലിയ തിരിച്ചടിക്കു കാരണമെന്നാണ് വിലയിരുത്തലുകള്‍.

എന്നാല്‍, സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മലയാള മനോരമ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ദേശാഭിമാനിയില്‍ റിപ്പോര്‍ട്ട് വന്നു. എം. രഘുനാഥ് എന്ന ബൈലൈനില്‍ വന്ന വാര്‍ത്തയിലാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത് അടിസ്ഥാന രഹിതമാണെന്ന് ദേശാഭിമാനി പറയുന്നത്.

സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുവിഭാഗം ദൃശ്യമാധ്യമങ്ങളും ദിനപത്രങ്ങളും നടത്തുന്ന നുണക്കഥകള്‍ക്ക് മറുപടി മനോരമ വാര്‍ത്ത എന്നാണ് വാര്‍ത്തയുടെ തുടക്കം. ഡിസംബര്‍ രണ്ടിന് മനോരമ പത്രിത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ വൈകിയെന്ന വാര്‍ത്ത “കേരള സര്‍ക്കാര്‍ ഉണരാന്‍ വൈകി; ഓഖി ഉറഞ്ഞുതുള്ളി” എന്ന റിപ്പോര്‍ട്ടിലാണ് മനോരമ നല്‍കിയിരുന്നത്.

മനോരമ പറയുന്നത് ഇങ്ങനെ

ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ജാഗ്രതാസന്ദേശം നല്‍കാനോ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്താനോ സര്‍ക്കാര്‍ തയാറാകാതിരുന്നതു മൂലം നഷ്ടമായതു വിലപ്പെട്ട ജീവനുകള്‍. കോടികളുടെ മറ്റു നഷ്ടങ്ങളും.

ചുഴലിക്കാറ്റിന്റെ സൂചന ലഭിച്ച് വിലപ്പെട്ട നാലുമണിക്കൂറെങ്കിലും സര്‍ക്കാര്‍ പാഴാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചില്ലെന്ന സാങ്കേതിക ന്യായത്തില്‍ സര്‍ക്കാരിനു പിടിച്ചുതൂങ്ങാമെങ്കിലും അനാസ്ഥ പ്രകടം. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി 28നു തന്നെ കേന്ദ്ര കാലാവസ്ഥാവകുപ്പില്‍നിന്നു ലഭിച്ച സന്ദേശം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇത് അവഗണിക്കപ്പെട്ടു. ശ്രീലങ്കന്‍ തീരത്തുണ്ടായ ന്യൂനമര്‍ദം മൂലം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും 29നു വീണ്ടും കേന്ദ്ര മുന്നറിയിപ്പു വന്നു. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

ന്യൂനമര്‍ദത്തിന്റെ ദിശമാറി കേരള തീരത്തിനടുത്തു കൂടിയാണു കടന്നുപോകുന്നതെന്നു 30നു രാവിലെ വ്യക്തമായി. ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന സാധ്യതയും രാവിലെ എട്ടു മണിയോടെ വ്യക്തമായി. എന്നാല്‍, ചുഴലിക്കാറ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കാനും സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും നാലു മണിക്കൂറോളം വേണ്ടിവന്നു. ഈ സമയത്തൊന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ സര്‍ക്കാരിനെ അറിയിക്കാനോ റവന്യു വകുപ്പിനു കീഴിലുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കഴിഞ്ഞില്ല. റവന്യു മന്ത്രി പോലും ചുഴലിക്കാറ്റ് സാധ്യതയെക്കുറിച്ച് അറിഞ്ഞതു 12 മണിയോടെയാണ്.

ചുഴലിക്കാറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാതെ നടപടിക്രമങ്ങള്‍ സാധ്യമല്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. പക്ഷേ, സൂചന ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വൈകിയ ആ നാലുമണിക്കൂറാണു ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. കാറ്റിലും മഴയിലും മരങ്ങള്‍ വീണു തുടങ്ങിയ ശേഷം ഉച്ചയ്ക്കു തിരുവനന്തപുരം ജില്ലയില്‍ അവധി പ്രഖ്യാപിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ പതിനായിരക്കണക്കിനു കുട്ടികളെ നിരത്തിലേക്കിറക്കിവിട്ടതും വിമര്‍ശനത്തിനു കാരണമായി.

നവംബര്‍ 29 ഉച്ചയ്ക്ക് 2.30
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ ഹംപന്‍തൊട്ട തീരത്തു ന്യൂനമര്‍ദം. കന്യാകുമാരിയില്‍നിന്ന് 500 കി.മീ. അകലെ. കേരളതീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യത. ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

നവംബര്‍ 30 പുലര്‍ച്ചെ 1:30
കാറ്റ് 65 കിലോമീറ്റര്‍ വരെ വേഗത്തിലെത്തും. ന്യൂനമര്‍ദം കന്യാകുമാരിയില്‍നിന്ന് 270 കിലോമീറ്റര്‍ തെക്കുകിഴക്ക്. കേരളത്തിനു ചുഴലിക്കാറ്റു മുന്നറിയിപ്പ് ഇല്ല.

നവംബര്‍ 30 രാവിലെ 8.00
ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി കന്യാകുമാരി മേഖലയിലേക്കു നീങ്ങുന്നു. ലക്ഷദ്വീപിനു ചുഴലിക്കാറ്റു മുന്നറിയിപ്പ്. ന്യൂനമര്‍ദപാതയും ദിശയും 170 കിലോമീറ്റര്‍ തെക്കുകിഴക്കു ഭാഗത്ത്. കേരളത്തിനു ചുഴലിക്കാറ്റു മുന്നറിയിപ്പ് ഇല്ല.

നവംബര്‍ 30 ഉച്ചയ്ക്ക് 12.00
ന്യൂനമര്‍ദം ചുഴലിക്കാറ്റായി. പേര് ഓഖി. കേരളത്തിലെ തെക്കന്‍ ജില്ലകള്‍ക്കും കന്യാകുമാരിക്കും ലക്ഷദ്വീപിനും ചുഴലിക്കാറ്റു മുന്നറിയിപ്പ്. ന്യൂനമര്‍ദപാതയുടെ അതിരുകള്‍ കേരളത്തിന്റെ തീരത്ത് എത്തും. ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 60 കിലോമീറ്റര്‍ തെക്ക്. തിരുവനന്തപുരത്തു നിന്നു 120 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ്. കടലിലും തീരപ്രദേശത്തും കനത്ത നാശം.

മനോരമ വാര്‍ത്തയെ ദേശാഭിമാനി തിരുത്തുന്നത് ഇങ്ങനെ

സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുവിഭാഗം ദൃശ്യമാധ്യമങ്ങളും ദിനപത്രങ്ങളും നടത്തുന്ന നുണക്കഥകള്‍ക്ക് മറുപടി മനോരമ വാര്‍ത്ത. “കേരള സര്‍ക്കാര്‍ ഉണരാന്‍ വൈകി; ഓഖി ഉറഞ്ഞുതുള്ളി” എന്ന തലക്കെട്ടില്‍ ശനിയാഴ്ച മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയോടൊപ്പം നല്‍കിയ മൂന്ന് അറിയിപ്പുകള്‍ ഇങ്ങനെ- (കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പുകേന്ദ്രത്തില്‍നിന്ന് ലഭിച്ചതായി മനോരമതന്നെ പറയുന്നത്)

നവംബര്‍ 29ന് ഉച്ച 2.30- ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ ഹംപന്‍തൊട്ട തീരത്ത് ന്യൂനമര്‍ദം. കന്യാകുമാരിയില്‍നിന്നും 500 കിലോമീറ്റര്‍ അകലെ കേരളതീരത്ത് 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത. ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നവംബര്‍ 30: പുലര്‍ച്ചെ 1.30- കാറ്റ് 65 കിലോമീറ്റര്‍ വേഗത്തില്‍ എത്തും. ന്യൂനമര്‍ദം കന്യാകുമാരിയില്‍നിന്ന് 270 കിലോമീറ്റര്‍ തെക്കുകിഴക്ക്. കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇല്ല.

മുപ്പതിന് രാവിലെ 8.00- ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി കന്യാകുമാരിയിലേക്ക് നീങ്ങുന്നു. ലക്ഷദ്വീപിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ന്യൂനമര്‍ദ പാതയും ദിശയും ശ്രീലങ്കയ്ക്ക് 170 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗത്ത്. കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇല്ല.

ഈ മുന്നറിയിപ്പുകളില്‍ ഒരിടത്തും അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പോ മറ്റു ദുരന്തസാധ്യത മുന്നറിയിപ്പോ ഇല്ല. നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് ലഭിച്ച മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറിയെന്നതിന് 30ന്റെ മനോരമതന്നെ സാക്ഷ്യം. 30ന് പ്രസിദ്ധീകരിച്ച അറിയിപ്പ് ഇങ്ങനെ- തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. കടലില്‍ ശക്തമായ കാറ്റുണ്ടാകും. മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ അറിയിപ്പ് മറ്റു മാധ്യമങ്ങളും നല്‍കി.

മനോരമ പ്രസിദ്ധീകരിച്ച ഈ നാല് അറിയിപ്പുകളും മതി സംസ്ഥാന സര്‍ക്കാരിന് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ നിരീക്ഷണവിഭാഗത്തില്‍നിന്നോ മറ്റ് സംവിധാനങ്ങളില്‍നിന്നോ ലഭിച്ചിട്ടില്ലെന്ന് മനസിലാക്കാന്‍. കൂടാതെ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് അതത് സമയംതന്നെ ഫിഷറീസ്വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഈ വാര്‍ത്തകളില്‍ വ്യക്തം. ഇത് പതിവുപോലെ മൊബൈല്‍സന്ദേശം വഴിയും തക്കസമയത്ത് കൈമാറി. ആരും സ്വപ്നംപോലും കാണാത്ത ഓഖി ചുഴലിക്കാറ്റ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ കാണണമെന്ന വിചിത്രവാദമാണ് മനോരമയടക്കമുള്ള മാധ്യമങ്ങളുടേത്്. അറിയിപ്പ് ലഭിച്ചാലും പലപ്പോഴും അത് വകവയ്ക്കാതെ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങുന്നുവെന്നതാണ് ദുഃഖസത്യം. ഇത്ര ഭീകരമായ ചുഴലിക്കാറ്റ് വരുമെന്ന് തൊഴിലാളികളും കണക്കുകൂട്ടിയില്ല.

നവംബര്‍ 30ന് പുലര്‍ച്ചെ നല്‍കിയതായി മനോരമ പറയുന്ന അറിയിപ്പില്‍ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പില്ലെന്ന് പ്രത്യേകം വ്യക്തമാക്കുന്നു. 30ന് രാവിലെ എട്ടിനുള്ള അറിയിപ്പിലാകട്ടെ, ലക്ഷദ്വീപിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് എന്നുമാത്രമാണ്. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി കന്യാകുമാരിയിലേക്ക് നീങ്ങുന്നുവെന്ന് പറയുന്ന ആ അറിയിപ്പില്‍ ന്യൂനമര്‍ദ പാതയും ദിശയും 170 കിലോമീറ്റര്‍ വേഗത്തില്‍ “തെക്കുകിഴക്ക്” ഭാഗത്ത് എന്നും വ്യക്തമാക്കുന്നുണ്ട്. തെക്കുകിഴക്ക് എന്നത് കന്യാകുമാരിയില്‍നിന്ന് കിഴക്കോട്ടാണെന്നും കേരളതീരവും അറബിക്കടലും തെക്കുപടിഞ്ഞാറാണെന്നും മനോരമയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കും അറിയാത്തതുമല്ല. എന്നിട്ടും നുണക്കഥ മെനയുകയാണ്.

മുപ്പതിന് ഉച്ചയ്ക്ക് 12.30നുമാത്രമാണ് ചുഴലിക്കാറ്റ് അറിയിപ്പ് ലഭിച്ചത്. നിമിഷങ്ങള്‍ക്കകം സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് നിരവധിയാളുകളെ രക്ഷിക്കാനായത്. രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നും മാധ്യമങ്ങള്‍ക്ക് കുറ്റം പറയാനുണ്ടായിരുന്നില്ല. എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുവെന്ന വ്യാജേന മാധ്യമങ്ങള്‍ വളഞ്ഞവഴിയിലൂടെ കുറ്റപ്പെടുത്തുന്നു. പ്രകൃതിദുരന്തത്തില്‍ നിരവധി തൊഴിലാളികള്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും വീടുകളും ഉപജീവനമാര്‍ഗവും തകരുകയും ചെയ്തതിനെതുടര്‍ന്ന് തീരദേശവാസികളില്‍ ഉണ്ടാകുന്ന ദുഃഖവും ആശങ്കയും വേദനയുമെല്ലാം സ്വാഭാവികമാണ്. മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ച് രക്ഷാപ്രവര്‍ത്തനംപോലും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.