ഒഎല്‍എക്‌സില്‍ പരസ്യമിട്ടും തട്ടിപ്പ്; ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ടത് പത്തു ലക്ഷത്തോളം രൂപ

സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും സൗകര്യമുള്ള ഒഎല്‍എക്‌സില്‍ പരസ്യമിട്ട് തട്ടിപ്പ്. വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പരസ്യമിട്ട് ഉപഭോക്താക്കളില്‍നിന്ന് അഡ്വാന്‍സായി പണം വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ രീതി.

ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പത്തു ലക്ഷം രൂപയോളം കവര്‍ന്നെടുത്ത മൂന്ന് പേരെ പാലക്കാട്ട് പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഏഴു മാസത്തോളമായി ഇവര്‍ ഒഎല്‍എക്‌സിലൂടെ പരസ്യം നല്‍കുന്നുണ്ട്. ബൈക്കുകളുടെ പരസ്യം നല്‍കിയാണ് തട്ടിപ്പു നടത്തി വന്നത്.

മികച്ച ബൈക്കുകളുടെ ചിത്രം ഒഎല്‍എക്‌സില്‍ പരസ്യമായി നല്‍കും. മാര്‍ക്കറ്റ് വിലയില്‍നിന്ന് വളരെ താഴെയായിരിക്കും ബൈക്കുകളുടെ വില. വാഹനം വാങ്ങാന്‍ നടക്കുന്നവര്‍ സ്വാഭാവികമായി ഈ പരസ്യത്തിലേക്ക് ആകര്‍ഷിക്കപ്പെടും. വാഹനം ഉടനെ വിറ്റുപോകുമെന്നും ആവശ്യമുണ്ടെങ്കില്‍ ബാങ്കിലേക്ക് അഡ്വാന്‍സായി പണമിടുവെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.

കൊണ്ടോട്ടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് പൊലീസ് കേസ് അന്വേഷണം നടത്തിയതും പത്ത് ലക്ഷം രൂപയിലേറെ തട്ടിയെടുത്ത സംഘത്തെ പിടികൂടിയതും. ഉപഭോക്താവെന്ന വ്യാജേന ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ പിടികൂടിയത്.