കഴുത്തില്‍ കയര്‍ മുറുക്കിയ പാട്, മുറിവുകൾ ഉറുമ്പ് അരിച്ച നിലയില്‍; എറണാകുളം പീഡനക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

എറണാകുളം ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്.

ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മരിച്ചെന്നു കരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായുള്ള സംശയം പൊലീസിന് നേരത്തെയുണ്ടായിരുന്നു.

ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്.