നിയമസഭ പ്രക്ഷുബ്ധം; പ്രതിഷേധിച്ച് ഇറങ്ങി പ്രതിപക്ഷം, സഭയിലെത്താതെ മുഖ്യമന്ത്രി

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിനുള്ള നീക്കം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള മുമ്പ് ബ്രാഞ്ച് സെക്രട്ടറി മനോജിന്‍റെ ശിക്ഷാ ഇളവിനും ശുപാർശ നടന്നുവെന്നാണ് വിഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചത്.

വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായിയെന്നും മനോജിന് ശിക്ഷാഇളവ് നല്‍കുന്നതിന്‍റെ ഭാഗമായി പൊലീസ് ഇന്നലെ കെകെ രമയുടെ അഭിപ്രായം തേടിയെന്നും സതീശന്‍ പറഞ്ഞു. അതേസമയം ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയവുമായി ബന്ധപ്പെട്ട സബ്മിഷൻ സഭയിൽ അവതരിപ്പിക്കും മുൻപാണ് ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തടിയൂരിയത്.

മുഖ്യമന്ത്രി സഭയിൽ എത്തിയില്ല. പകരം മന്ത്രി എംബി രാജേഷ് മുഖ്യമന്ത്രിക്കായി മറുപടി നൽകി. ജയിൽ സൂപ്രണ്ടിനെ തള്ളിയായിരുന്നു എംബി രാജേഷിന്റെ മറുപടി. പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്ന് എംബി രാജേഷ് പറഞ്ഞു. സബ്മിഷന് ശേഷമാണ് സ്പീക്കർ സഭയിലെത്തിയത്.

ഇതേ വിഷയത്തില്‍ കെകെ രമ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് അവതിരിപ്പിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ശിക്ഷാ ഇളവിന് നീക്കമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്.