ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ ഭരണ-പ്രതിപക്ഷ ചേരിപ്പോര്; പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ ഭരണ-പ്രതിപക്ഷ ചേരിപ്പോര് തുടരുന്നു. അപകടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. കാണാതായ ആളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആയതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അപ്പോഴും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാത്ത പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.

കേരളമാകെ ദുഃഖത്തോടെ കണ്ട ഒരു സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം.

മന്ത്രി വീണാ ജോര്‍ജിനെ അടക്കം കുറ്റപ്പെടുത്താനാണ് ഈ ദുരന്തസമയത്തും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് എന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. . തോട്ടിലെ മാലിന്യം നീക്കാന്‍ ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. അപകടം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മഴക്കാലത്തിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്തെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഉള്‍പ്പെടെ പരിഹസിക്കുകയായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ കോര്‍പ്പറേഷനും റെയില്‍വേയും പരസ്പരം പഴിചാരുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരും കോര്‍പ്പറേഷനും തദ്ദേശ സ്വയം ഭരണ വകുപ്പും ഇപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാന്‍ അപകടമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തില്‍ റെയില്‍വേ സഹകരിക്കുന്നില്ലെന്നാണ് കോര്‍പ്പറേഷന്റെ പരാതി.

കോര്‍പ്പറേഷനും റെയില്‍വേയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന് ചോദിച്ച വിഡി സതീശന്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ഇപ്പോള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജനം നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും പറഞ്ഞു.