ശബരീനാഥന്റെ അറസ്റ്റ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും; കടുത്ത പ്രതിഷേധം

വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ കെ.എസ്. ശബരിനാഥിനെ അറസ്റ്റ് ചെയ്തത് ഇന്ന് നിയമസഭയില്‍ ചൂടുപിടിച്ച ചര്‍ച്ചയാകും. വിഷയം ശൂന്യവേളയില്‍ പ്രതിപക്ഷം ഉയര്‍ത്തും. ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും. . മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ ശക്തികേന്ദ്രം എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ശശിക്കെതിരെയാണ് പ്രതിപക്ഷം വിരല്‍ ചൂണ്ടുന്നത്.

സ്വര്‍ണ – ഡോളര്‍ കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നടപടികളെന്നാണ്  ആരോപണം. കറുത്ത വേഷത്തിനെതിരെയുള്ള പൊലീസ് നടപടി, എകെജി സെന്ററിന് നേരെ പടക്കം എറഞ്ഞത് എം.എം മണിയുടെ വിവാദ പ്രസ്താവന ഉള്‍പ്പെടെയുള്ളവ ഉദാഹരണങ്ങളായി പ്രതിപക്ഷം ചൂണ്ടിക്കാട്ടും. മുഖ്യമന്ത്രിക്ക് നേരെ വധശ്രമമാണ് വിമാനത്തിലുണ്ടായതെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ് ഗൂഢാലോയ്ക്ക്പിറകിലെന്നും ഉള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഭരണപക്ഷം.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ ഗൂഡാലോചനകുറ്റം ചുമത്തി അറസറ്റ് ചെയ്ത കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം. ജാമ്യ ഉപാധി പ്രകാരമാണ് ചോദ്യം ചെയ്യല്‍.

Read more

ഇന്ന് മുതല്‍ മൂന്ന് ദിവസം ഹാജരാകാനാണ് കോടതി ഉത്തരവ്. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്. ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലെ സംഘമാവും ചോദ്യം ചെയ്യുക.