കുടുംബത്തില്‍ കോടിക്കിലുക്കമില്ല; അന്നന്നത്തെ അന്നത്തിനായി എല്ലുമുറിയെ പണിയെടുക്കണം; പി.ജയരാജന്റെ മക്കളെ നിങ്ങള്‍ അറിഞ്ഞിരിക്കണം

അനില്‍ കുമാര്‍

13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണമാണ് കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി വിനോദിനി ബാലകൃഷ്ണനെതിരെ പരാതി നല്‍കിയത് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ്. വിവിധ രാജ്യങ്ങളില്‍ ബിസിനസ്സ് ആവശ്യത്തിലേക്കായി 7,87,50,000 രൂപയാണ് ബിനോയി കടം വാങ്ങിയത്. ബാങ്ക് പലിശയുള്‍പ്പെടെ ഇത് 13 കോടി രൂപ വരുമെന്നും ജാസ് കമ്പനി മേധാവി ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി പരാതിയില്‍ പറഞ്ഞിരുന്നത്.

തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയെന്നും അതിനായി തെളിവെന്ന രീതിയില്‍ ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കാണിച്ച് താന്‍ നിരപരാധിയാണെന്നു ബിനോയ് കോടിയേരിയും അദ്ദേഹത്തെ പിന്തുണച്ച് സിപിഐഎം നേതൃത്വവും സൈബര്‍ പോരാളികളും രംഗത്തെത്തുകയും ചെയ്തു. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കുന്ന വിഷയമല്ലെന്നാണ് മുഖ്യമന്ത്രി പിണറായിവിജയനടക്കമുള്ളവര്‍ എടുത്ത നിലപാടും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം കേന്ദ്രകമ്മറ്റി അംഗങ്ങളായ പി.കെ ശ്രീമതി, ഇപി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ മക്കള്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്നത് പാര്‍ട്ടി വിരുദ്ധര്‍ ഉന്നയിക്കുന്ന ചോദ്യമാണ്. ഇവരെല്ലാം കണ്ണൂര്‍ നേതാക്കളാണെങ്കിലും ആ ജില്ലയില്‍ ഇവരേക്കാള്‍ പതിന്മടങ്ങ് ജനപിന്തുണയുള്ള നേതാവ് ജില്ലാ സെക്രട്ടറി കൂടിയായ പി. ജയരാജനാണ്. അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ എന്തുജോലി ചെയ്താണ് ജീവിക്കുന്നത് എന്ന് പാര്‍ട്ടിവിരുദ്ധര്‍ പോലും ചോദിക്കുന്നില്ല.

പിണറായി വിജയന്റെ മകള്‍ വീണ ജോലി ചെയ്യുന്നത് രവി പിള്ളയുടെ കമ്പനിയിലാണ്. സിപി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി  രവി പിള്ളയുടെ ആര്‍.പി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായാണ്. പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ അബുദാബിയിലെ എച്ച്എസ്ബിസിയില്‍ ജോലി ചെയ്യുന്നു. ഇ.പി. ജയരാജന്റെ രണ്ട് മക്കള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്‌
.പി.കെ ശ്രീമതി ടീച്ചര്‍, മകന്‍ സുധീര്‍ നമ്പ്യാരെ വഴിവിട്ട് കിന്‍ഫ്രയിലെ ഉയര്‍ന്ന ജോലി തരപ്പെടുത്തികൊടുത്തിന്റെ നാണക്കേടില്‍ ഇപ്പോഴും നില്‍ക്കുകയാണ്.

കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ ഇങ്ങനെ പണകൊഴുപ്പിന്റെ ആര്‍ഭാടത്തില്‍ ജീവിക്കുമ്പോഴാണ് പി ജയരാജന്‍ തന്റെ മക്കളെ ഒരു ബാങ്കിലെ പ്യൂണ്‍ ജോലി പോലും സമ്മര്‍ദ്ദം ചെലുത്തി വാങ്ങികൊടുക്കാതെ മാതൃകയായിരിക്കുന്നത്.

ജയരാജന്റെ മകന്‍ ജയിന്‍ രാജ് ദുബായിയിലെ ഒരു ഫാന്‍സി ഷോപ്പില്‍ സെയില്‍മാനാണ്. ഇപ്പോള്‍ നാട്ടിലുണ്ട്. രണ്ടാമത്തെ മകന്‍ തൃശൂരിലെ ഒരു ഹോട്ടലില്‍ ജോലിക്കാരനായിരുന്നു. ഹോട്ടല്‍ പൂട്ടിയപ്പോള്‍
കേരളത്തിനു പുറത്ത് ഒരു പ്രൈവറ്റ് കമ്പനിയിലാണ്‌ ഇപ്പോഴത്തെ ജോലി

വ്യക്തിപൂജ നടത്തുന്നു എന്ന ആരോപണം പി. ജയരാജന്‍ നേരിട്ടപ്പോള്‍ പറഞ്ഞത് എനിക്ക് എല്ലാം എന്റെ പാര്‍ട്ടിയാണ്. എന്നെ തിരുത്താനും ശാസിക്കാനും പാര്‍ട്ടിയ്ക്ക് അവകാശമുണ്ട് എന്നാണ്. എന്നാല്‍ പി ജയരാജനല്ല ആ വ്യക്തിപൂജയ്ക്ക പിന്നിലെന്ന് കൃത്യമായി അറിഞ്ഞിട്ടും അദ്ദേഹത്തെ താറടിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായി എന്നത് വ്യക്തമായിരുന്നു. കോടികള്‍കൊണ്ട് കളിക്കുന്ന നേതാക്കളുടെ മക്കളുടെ കണ്ണൂരുകാര്‍ക്ക് നന്നായി അറിയാവുന്നതുകൊണ്ട് തന്നെയാണ് പി ജയരാജന്‍ കണ്ണൂരില്‍ ജനങ്ങളുടെ നേതാവായി കോടിക്കുരുക്കിലെ നേതാക്കളെക്കാള്‍ സ്വീകാര്യനാക്കുന്നത്.