പാലക്കാട് 4 വിദ്യാർത്ഥിനികളുടെ അപകട മരണത്തിന് ഇടയാക്കിയ പനയമ്പാടത്ത് സന്ദർശനം നടത്തി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. പനയമ്പാടത്ത് തൻ്റെ ഔദ്യോഗിക വാഹനം ഓടിച്ച് ഗതാഗത മന്ത്രി പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായ ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം റോഡ് വീണ്ടും ഉടൻ പരുക്കനാക്കുമെന്നും മന്ത്രി അറിയിച്ചു.
അപകട വളവ് നവീകരണത്തിനായി വൈകാതെ പരിഹാരം ഉറപ്പാക്കുമെന്നും ഹൈവേ അതോറിറ്റി പണം തന്നില്ലെങ്കിൽ, റോഡ് സേഫ്റ്റി അതോറിറ്റി പണം ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റും. മരിച്ചകുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡ് വീണ്ടും പരുക്കനാക്കി താത്കാലിക ഡിവൈഡർ ഉടൻ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍- സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക് -സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.
അതേസമയം പാലക്കാട് വീണ്ടും വാഹനാപകടം ഉണ്ടായി. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരുടേയും പൊലീസിൻറേയും ഫയർഫോഴ്സിൻറേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.