പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍.
കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെയെത്തിയാണ് ശ്രീനിവാസന് നേരെ ആക്രമണം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ ഫോണുകള്‍ ഉപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസന്‍ കൊലക്കേസില്‍ പൊലീസ് നേരത്തെ അറിയിച്ച ശഖ്വാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ എന്നയാള്‍ക്ക് പുറമെ പട്ടാമ്പി സ്വദേശിയും ഉള്‍പ്പെടുന്നു എന്നാണ് പുതിയ വിവരം. കൊലപാതകങ്ങളില്‍ ആറ് പ്രതികളുണ്ടെന്ന് വ്യക്തമാക്കുമ്പോഴും ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട് എലപ്പുളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ മൊഴികളില്‍ നിന്ന് മറ്റ് പ്രതികളെകുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Read more
അതേസമയം, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ഏപ്രില്‍ 20 വരെ നിരോധനാജ്ഞ നിലനില്‍ക്കും. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.