പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് യുഡിഎഫ്. കടുത്ത പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി. കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ സംഘർഷം ഉടലെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തിയായിരുന്നു പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ച്. എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
നൂറുകണക്കിനുപേരാണ് മാര്‍ച്ചിൽ പങ്കെടുക്കുന്നത്. മാര്‍ച്ചിൽ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാര്‍ച്ചിലൂടെ ഉയര്‍ത്തിയത്. 200ലധികം പൊലീസുകാരെയാണ് എസ്‍പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്.
ഇന്നലെ അർദ്ധരാത്രിയിലായിരുന്നു കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് റെയ്ഡ് നടത്തിയത്. പിന്നാലെ പരിശോധനയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട സംഘര്‍മാണ് ഉടലെടുത്തത്. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ഇന്നലെ അര്‍ധരാത്രി പൊലീസ് സംഘം ഹോട്ടലില്‍ പരിശോധനക്കെത്തിയത്.
പൊലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി.
ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.