കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പി. സംസ്ഥാന അദ്ധ്യക്ഷനാനായി ചുമതലയേറ്റു. കേരളത്തിന് കോൺഗ്രസിന് ബദലായ ശക്തിയായി എൻസിപി മാറുമെന്ന് പി സി ചാക്കോ പറഞ്ഞു. നിരാശരായ കോൺഗ്രസുകാർ എൻസിപിയിലേക്ക് വരും. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആത്മഹത്യാപ്രവണതയാണെന്നും പി സി ചാക്കോ പരിഹസിച്ചു.
ലോക്ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു പാർട്ടിയെ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. കോൺഗ്രസിൽ നിന്നു നിരവധിപ്പേരാണ് എൻസിപിയിലേക്കു വരാൻ താത്പര്യം അറിയിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞപ്പോൾ തന്നെ ഒരുപാടു പേർ കോൺഗ്രസിൽ അസംതൃപ്തരാണ്. ദയനീയ തോൽവി കൂടി ഉണ്ടായതോടെ കോൺഗ്രസിന് പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാനാവാത്ത സ്ഥിതിയാണ്.
അതുകൊണ്ടു തന്നെ ഒരു കാരണവശാലും കോൺഗ്രസിൽ തുടരാൻ താത്പര്യമില്ലാത്തവാണ് ഉള്ളത്. അവരെ ഒന്നു തടുത്തു കൂട്ടണം. ഇടതു മുന്നണിക്ക് മികച്ച പിന്തുണയും ഉയർന്ന രാഷ്ട്രീയ സംഭാവനകളും നൽകാൻ സാധിക്കുന്ന പാർട്ടിയാക്കി എൻസിപിയെ വളർത്തിക്കൊണ്ടു വരിക എന്നതാണ് ലക്ഷ്യം. തോമസ് ചാണ്ടി മരിച്ചപ്പോഴാണ് പീതാംബരൻ മാസ്റ്റർക്ക് പാർട്ടി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയത്. താൻ പ്രസിഡന്റ് സ്ഥാനത്തേക്കു വരുമ്പോൾ അദ്ദേഹം പാർട്ടിയുടെ ഓൾ ഇന്ത്യ സെക്രട്ടറിയായി തുടരുമെന്നും പി.സി.ചാക്കോ പറഞ്ഞു.
Read more
നിലവിലെ സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർക്ക് പകരമായാണ് ചാക്കോയെ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ നിയമിച്ചത്. മന്ത്രിയെക്കുറിച്ചുള്ള തീരുമാനത്തിൽ ഉൾപ്പടെ ടിപി പീതാംബരൻ്റെ നിലപാട് പാർട്ടി സംസ്ഥാന സമിതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണപ്രകാരമാണ് പി സി ചാക്കോയ്ക്ക് സംസ്ഥാന അദ്ധ്യക്ഷ പദവി നല്കിയതെന്നാണ് സൂചന.