‘ആടുജീവിതം’ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍ നിന്ന് പുറത്ത്. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ ഇല്ല.
ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനില്‍ സ്‌കോര്‍ വിഭാഗത്തില്‍ ഫെഡി അല്‍വാറസ് സംവിധാനം ചെയ്ത എലിയന്‍ റോമുലസ് ഉള്‍പ്പെടെ 20 സിനിമകള്‍ ഇടംപിടിച്ചു. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടംപിടിച്ചത്.
86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13ന് ആണ് അവസാനിച്ചത്.
അതേസമയം, ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ‘അനുജ’ എന്ന ചിത്രം ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.