പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്തക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പുറത്താക്കിയത്. കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രക്തസാക്ഷികളുടെ പരസ്യമായി കുടുംബങ്ങളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നടപടിയെടുത്തത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെ പുറത്താക്കിയത്. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതാണ് വിവാദമായത്. കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് സംഭവത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരാണ് അന്വേഷണ റിപ്പോര്‍ട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം തനിക്കെതിരെ എടുത്ത നടപടി ഏകപക്ഷീയമാണെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു. വിവാഹ ചടങ്ങിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയം കലരാത്ത ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലാണ് പുറത്താക്കലെന്നും പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ ഉണ്ടായിരുന്നുവെന്നും ബാലകൃഷ്ണൻ പറഞ്ഞു. പുറത്താക്കൽ തീരുമാനത്തിനു പിന്നിൽ രാജ്‌മോഹൻ ഉണ്ണിത്താനോടുള്ള ഭയമാണെന്നും ബാലകൃഷ്ണൻ ആരോപിച്ചു.