പെരുമാതുറ ബോട്ടപകടം; മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മൂന്നുനാള്‍

മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ ഇന്നും തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളില്‍ നിന്ന് കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകള്‍ നീക്കി പരിശോധിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

അപകടം നടന്നിട്ട്് മൂന്ന് ദിവസമായി. നേവിയും, കോസ്റ്റ്ഗാര്‍ഡും, തീരദേശ പൊലീസും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. കാണാതായ മൂന്ന് ചെറുപ്പക്കാരെയും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമത്തിലാണ്. അതിനായി വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ നിന്നും ചവറ കെഎംഎംഎല്ലില്‍ നിന്നും കൂറ്റന്‍ ക്രെയിനുകള്‍ എത്തിച്ചിട്ടുണ്ട്.

എന്നാല്‍ ക്രെയിനുകള്‍ക്ക് പകരം കപ്പല്‍ എത്തിച്ച് കല്ലുകള്‍ മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മര്‍വ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തില്‍പെട്ടത്. രണ്ട് പേര്‍ പേര് മരിച്ചു. ബോട്ട് ഉടമ കാഹാറിന്റെ മക്കളായ ഉസ്മാന്‍, മുസ്തഫ, തൊഴിലാളിയായ അബ്ദുള്‍ സമദ് എന്നിവരെയാണ് കണ്ടെത്താനാകാത്തത്.