പെരുവനം കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്ന് നീക്കി

പെരുവനം കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണിസ്ഥാനത്തുനിന്നും നീക്കി. പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റേത് ആണ് തീരുമാനം. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പില്‍ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്‌നത്തിനിടക്കായത്. കിഴക്കൂട്ട് അനിയന്‍മാരാരാണ് പുതിയ പ്രമാണി.

മുതിര്‍ന്ന വാദ്യ കലാകാരനായ അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വ്യക്തമാക്കി. 78 കാരനാണ് അനിയന്‍ മാരാര്‍.

24 വര്‍ഷത്തിനു ശേഷമാണു കുട്ടന്‍ മാരാര്‍ പുറത്തു പോകുന്നത്. തൃശൂര്‍ ജില്ലയിലെ പെരുവനം സ്വദേശിയായ കുട്ടന്‍ മാരാര്‍ കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരന്‍ ആണ്. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണിയും പെരുവനം കുട്ടന്‍ മാരാര്‍ ആയിരുന്നു.

2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് പെരുവനം കുട്ടന്‍ മാരാര്‍. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നിരവധി ഫെലോഷിപ്പുകളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.