'അവാർഡുകളും അംഗീകാരങ്ങളുമല്ല എൻ്റെ ലക്ഷ്യം' ഖേൽരത്‌ന വിഷയത്തിൽ പ്രതികരിച്ച് മനു ഭേക്കർ

ഖേൽരത്‌ന അവാർഡ് പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ഷൂട്ടർ മനു ഭേക്കർ. ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിക്ക് എയ്‌സ് ഷൂട്ടറെ പരിഗണിച്ചില്ലെന്ന് തെളിഞ്ഞതോടെ അവരുടെ അച്ഛനും പരിശീലകനും സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കുമെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ടിരിക്കുകയാണ്.

“ഏറ്റവും അഭിമാനകരമായ ഖേൽ രത്‌ന പുരസ്‌കാരത്തിനുള്ള എൻ്റെ നോമിനേഷനുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ ഒരു കായികതാരമെന്ന നിലയിൽ എൻ്റെ രാജ്യത്തിന് വേണ്ടി കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യുക എന്നതാണ് എൻ്റെ പങ്ക് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവാർഡുകളും അംഗീകാരവും എന്നെ പ്രചോദിപ്പിക്കുന്നു, പക്ഷേ എൻ്റെ ലക്ഷ്യമല്ല.” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മനു പോസ്റ്റ് ചെയ്തു.

ഹരിയാനയിൽ നിന്നുള്ള 22-കാരി 2024 സമ്മർ ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടിയിരുന്നു. ഒരു ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മനു ഭേക്കർ മാറി. 2024-ലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ മനു ഇല്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അടുത്തിടെ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതേസമയം മനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നിരുന്നാലും, ഷൂട്ടർ വ്യക്തമാക്കി: “നാമനിർദ്ദേശം സമർപ്പിക്കുമ്പോൾ എൻ്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അത് തിരുത്തിക്കൊണ്ടിരിക്കുകയാണ്.” “അവാർഡ് പരിഗണിക്കാതെ തന്നെ, എൻ്റെ രാജ്യത്തിനായി കൂടുതൽ മെഡലുകൾ നേടാൻ ഞാൻ പ്രചോദിതയായി തുടരും. ഇത് എല്ലാവരോടുമുള്ള ഒരു അഭ്യർത്ഥനയാണ്. ദയവായി ഈ വിഷയത്തിൽ ഊഹങ്ങൾ നടത്തരുത്.” മനു പോസ്റ്റ് ചെയ്തു.