'ഇന്ത്യയില്‍ എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ചു നല്‍കുന്ന സ്ഥിതി, മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത ആര്‍.എസ്.എസ് നയമാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്'

ഇന്ത്യയില്‍ എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ചു നല്‍കുന്ന സ്ഥിതിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മൂല്യങ്ങള്‍ ആകെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത ആര്‍.എസ്.എസ് നയമാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ഇവിടെ പശുവിന്റെ പേരില്‍ ആളെ കൊല്ലുന്നു. ഹിന്ദു അല്ലാത്ത ആളുകളെ കൊല്ലുന്നു. എവിടത്തേക്കാണ് നാം പോകുന്നത്. ദളിതര്‍ വലിയ തോതില്‍ ആക്രമിക്കപ്പെടുന്നു ഒരു ഭാഗത്ത് ന്യൂന പക്ഷത്തിനു നേരെ ആക്രമണം. ഇതാണ് സംഘപരിവാര്‍ ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ എങ്ങനെയെല്ലാം ഭിന്നിപ്പിക്കാന്‍ കഴിയും എന്നാണ് ഇവര്‍ നോക്കുന്നത്.

ഇനിയൊരു യുദ്ധമുണ്ടായാല്‍ അമേരിക്കന്‍ സൈനികരുടെ വിശ്രമ താവളമായി ഇന്ത്യയിലെ വിമാനത്താവളങ്ങളും മാറും. ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ ഒരേ ചിന്താഗതിക്കാരായ ആളുകള്‍ ഉയര്‍ന്നുവരണം. വിശാലമായ വേദി രൂപം കൊള്ളണം. ഇതിനാണ് സി.പി.ഐ.എം നില്‍ക്കുന്നത്. അപ്പോള്‍ ചിലര്‍ മറു ചോദ്യം ചോദിക്കുകയാണ്. കോണ്‍ഗ്രസ് പറയുന്നത് തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിനെക്കുറിച്ചാണ് അത് രണ്ടും രണ്ടാണ്.

രാജ്യം ഈ അവസ്ഥയില്‍ എത്തിയതിന് ഉത്തരവാദി കോണ്‍ഗ്രസാണ്. എന്നാല്‍ ഏറ്റവും വലിയ അപകടകാരി ബി.ജെ.പിയാണ്. അവരെ താഴെ ഇറക്കണം. പക്ഷെ കോണ്‍ഗ്രസുമായി കൂട്ടുകൂടിയിട്ട് കാര്യമില്ല. അനുഭവം മുന്നിലുണ്ട്.- പിണറായി വ്യക്തമാക്കി