പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോല്‍വിക്ക് പ്രധാനകാരണം പക്വതയില്ലായ്മയെന്ന് പി ജെ ജോസഫ്. രണ്ടില ചിഹ്നം ഇല്ലാത്തതും തോല്‍വിക്ക് കാരണമെന്ന് പി ജെ ജോസഫ് പറഞ്ഞു. മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് ലംഘിച്ചെന്നും ജോസഫ് കുറ്റപ്പെടുത്തി.
പാലായില്‍ രണ്ട് കൂട്ടരും പ്രശ്‌നം ഉണ്ടാക്കിയെന്ന പ്രസ്താവനകള്‍ ശരിയല്ലെന്നും പ്രശ്‌നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
കെ എം മാണി 54 വര്‍ഷമായി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്ന് കരുതി. എന്നാല്‍, എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് യുഡിഎഫ് ഗൗരവകരമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാണി സാറിന്റെ മരണത്തെ തുടര്‍ന്നുള്ള സ്ഥാന ചര്‍ച്ചകള്‍ വിജയിക്കാതെ വന്നപ്പോള്‍ പല മദ്ധ്യസ്ഥന്‍മാരും ഇടപെട്ടു.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ള ചില കാര്യങ്ങള്‍ പ്രധാനമായും ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.
ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനിലാണ് അധികാരങ്ങള്‍ നിക്ഷിപ്തം എന്നാണ് പാര്‍ട്ടി ഭരണഘടനയിലുള്ളത്. അതായത് കെ എം മാണിയുടെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരമെന്നുള്ളത് അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറാകാത്തതാണ് അടിസ്ഥാനപ്രശ്‌നം. കെ എം മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് കെ മാണി ലംഘിച്ചെന്നും പി ജെ ജോസഫ് പറഞ്ഞു.
ചെറിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യത്തിന് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി വാശി പിടിച്ചു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ സംസ്ഥാന കമ്മിറ്റിയെന്ന പേരില്‍ ജോസ് കെ മാണി ആള്‍കൂട്ടത്തെ വിളിച്ചു കൂട്ടി. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ജയസാദ്ധ്യതയും സ്വീകാര്യതയും മാത്രമാണ് താന്‍ മുന്നോട്ടുവെച്ച നിബന്ധന. കെ എം മാണിയുടെ തീരുമാനങ്ങളെ പോലും മാണി ജീവിച്ചിരുന്നപ്പോള്‍ ജോസ് ടോം ചോദ്യം ചെയ്തിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.
ചിഹ്നം നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. താത്കാലിക ചെയര്‍മാനെന്ന് അംഗീകരിച്ചിരുന്നെങ്കില്‍ കത്ത് നല്‍കിയേനെയെന്നും പി ജെ ജോസഫ് പറഞ്ഞു. ചിഹ്നമില്ലെങ്കിലും ജയിക്കാമെന്നായിരുന്നു അപ്പോഴത്തെ നിലപാട്. ഇപ്പോള്‍ ചിഹ്നമുണ്ടെങ്കില്‍ ജയിക്കാമായിരുന്നെന്ന് ചിലര്‍ പറയുന്നു. ചിഹ്നം നേടിയെടുക്കാത്തതിന്‍റെ കാരണം ആരാണെന്ന് വിലയിരുത്തണം.
പ്രചാരണത്തിനെത്തിയപ്പോള്‍ തന്നെ കൂകി വിളിച്ചതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. തനിക്ക് വലിയ ബന്ധുബലമുള്ള സ്ഥലമാണ് പാലാ. ആളില്ലെന്ന് ഇപ്പോഴും അക്ഷേപിക്കുന്നുകയാണ്. മദ്ധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് വഴുതിമാറി ആരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് യു ഡി എഫ് കണ്ടെത്തണമെന്നും ജോസഫ് പറഞ്ഞു.
മാണി സാറിന്‍റെ മരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തോറ്റതില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്നും ജോസഫ് കുറ്റപ്പെടുത്തി. തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് നിഷ്പക്ഷമായി വിലയിരുത്തി തെറ്റുകള്‍ തിരുത്തണം. ചര്‍ച്ചയായത് കേരള രാഷ്ട്രീയമല്ലെന്നും കേരള കോണ്‍ഗ്രസിലെ പ്രശ്‌നമാണെന്നും ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയുടെ പക്വതയില്ലായ്മ ഉപതിരഞ്ഞെടുപ്പില്‍ വിനയായെന്നും ജോസഫ് പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് നിര്‍ഭയമായി മുന്നോട്ടു പോവും. ജോസ് കെ മാണിയുമായി സഹകരിക്കാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടോ എന്ന് ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ഒന്നിനോടും നോ പറയാനാവില്ലെന്നും ജോസഫ് മറുപടി നല്‍കി പി ജെ ജോസഫ് ആവശ്യപ്പെട്ടു.
Read more
അതേസമയം, പരാജയം കൊണ്ട് പതറില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വീഴ്ച്ചകള്‍ തിരുത്തുമെന്നും ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.