മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല; 'പർദ്ദ' ഉടൻ പുനഃ പ്രസിദ്ധീകരിക്കുമെന്ന് പവിത്രൻ തീക്കുനി

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വിവാദമായ തന്റെ പർദ്ദ എന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്ന് കവി പവിത്രന്‍ തീക്കുനി. മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും കവിത പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ഭീഷണികളെ ഭയക്കുന്നില്ലെന്നും കവി വ്യക്തമാക്കി.

എന്നാല്‍ തന്റെ കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം കീഴാളവിരുദ്ധമാണെന്ന ക്രിയാത്മക വിമര്‍ശനം കണക്കിലെടുത്താണ് കവിത പിന്‍വലിച്ചത്. അതേസമയം പര്‍ദ്ദയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും പവിത്രന്‍ തീക്കുനി പറഞ്ഞു. ‘പര്‍ദ്ദ’ എന്നപേരില്‍ കവിത എഴുതിയത്തിന്റെ പേരിൽ പവിത്രന്‍ തീക്കുനിയെ കോളെജ് പരിപാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. മലപ്പുറം കോട്ടക്കലിനടുത്തുള്ള ഐയു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ പരിപാടിയില്‍ നിന്നാണ് പവിത്രനെ വിലക്കിയത്.

കവിതയുടെ പേരില്‍ തന്നെ കോളെജ് മാനേജ്‌മെന്റ് വിലക്കിയ കാര്യം പവിത്രന്‍ തീക്കുനി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കവിതയില്‍ ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നുവെന്ന് ചിലര്‍ വിമര്‍ശിച്ചു രംഗത്തു വന്നു. വിമര്‍ശനം അതിരുകടന്നപ്പോള്‍ കവി കവിത പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ”പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്” എന്ന് തുടങ്ങുന്ന കവിത തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വിമര്‍ശനങ്ങളും ഭീഷണികളും ഏറിയതോടെ പവിത്രന്‍ തന്റെ കവിത പിന്‍വലിക്കുകയായിരുന്നു. തീവ്ര ഇസ്ലാമിക വിരുദ്ധതയാണ് ഇത്തരമൊരു കവിത എഴുതാന്‍ കാരണമെന്നാരോപിച്ച് നിരവധിപേര്‍ രംഗത്ത് വന്നു.

ആഫ്രിക്കയ്‌ക്കെതിരെയുള്ള പരാമര്‍ശവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ കവിത പോസ്റ്റ് ചെയ്തതിനേക്കാള്‍ സൈബര്‍ ആക്രമണമാണ് കവിത പിന്‍വലിച്ച ശേഷം തീക്കുനിയ്ക്ക് നേരെയുണ്ടായത്. ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹമെഴുതിയ സീത എന്ന കവിത ഇപ്പോഴും ലഭ്യമെന്നിരിക്കെ ‘പര്‍ദ്ദ’ പിന്‍വലിച്ചതോടെ തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.