മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുംമുമ്പ് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സതേടി പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സതേടി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പി പി ദിവ്യയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ദിവ്യ ആശുപത്രിയിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാര്‍ട്ടി നടപടിയും വൈകുകയാണ്.

നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതികൂടി പരിഗണിച്ച് ദിവ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടും മൊഴിയെടുക്കാന്‍ പോലും പൊലീസ് തുനിഞ്ഞിട്ടില്ല. കണ്ണൂരിലെ സിപിഎമ്മിന്റെ മനസ്സറിഞ്ഞാണ് പൊലീസ് അറസ്റ്റ് പരമാവധി വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റവന്യു വകുപ്പും ആരോഗ്യവകുപ്പും ഉന്നതോദ്യോഗസ്ഥരെ നിയോഗിച്ച് വകുപ്പുതല അന്വേഷണങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും പൊലീസ് ഒളിച്ചുകളി തുടരുന്നത് പാര്‍ട്ടി ഇടപെടല്‍മൂലമാണെന്നാണ് ആക്ഷേപം. അന്വേഷണം ടൗണ്‍ എസ്എച്ച്ഒയില്‍നിന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറിയതുപോലും ഉപതിരഞ്ഞെടുപ്പുകളില്‍ ഇതു പ്രതിഫലിക്കുമെന്ന് ഉറപ്പായതോടെയാണ്.

അന്വേഷണച്ചുമതല ഏറ്റെടുത്ത സിറ്റി പൊലീസ് കമ്മിഷണര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തുകയും കേസിന്റെ മേല്‍നോട്ടച്ചുമതലയുള്ള റേഞ്ച് ഡിഐജിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും ചെയ്തു. ഇത് അറസ്റ്റിനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്.