പിപി ദിവ്യ ജില്ലാ വനിത ജയിലിലേക്ക്; റിമാന്റ് 14 ദിവസത്തേക്ക്, മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നിലും പ്രതിഷേധം

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്റില്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തതിന് ശേഷം 15ാം ദിവസമാണ് പിപി ദിവ്യ അറസ്റ്റിലാകുന്നത്. തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ച ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. നാളെ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പിപി ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റിമാന്റിലായ ദിവ്യയെ ജില്ലാ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യയെ ഹാജരാക്കാനെത്തിച്ച മജിസ്‌ട്രേറ്റിന്റെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തടിച്ചുകൂടിയിരുന്നു. യൂത്ത് ലീഗ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു.

പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്നത്. ഇതിന് ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. തലശ്ശേരി സെഷന്‍സ് കോടതിയായിരുന്നു ദിവ്യയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. തുടര്‍ന്ന് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.