പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; 'നിശബ്ദ പ്രചരണം' തമിഴ്‌നാട്ടില്‍; വിവേകാനന്ദന്‍ ധ്യാനമിരുന്നിടത്ത് 48 മണിക്കൂര്‍ ധ്യാനം; കരയിലും കടലിലും പഴുതടച്ച സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ നിശബ്ദപ്രചാരണ ദിവസം കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് പോകുന്നതിനാണ് മോദി കേരളത്തിലെത്തുന്നത്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് പോകും.

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്‌നനാവുക. ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം അദ്ദേഹം തിരിച്ച് ഡല്‍ഹിയിലേക്ക് പോകും.

പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും സുരക്ഷാമുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കന്യാകുമാരി ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്നിടത്ത് 500 മീറ്ററോളം കടലിലേക്ക് മാറിയാണ് വിവേകാനന്ദപ്പാറ.

പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ കന്യാകുമാരിയില്‍ കടല്‍ നീന്തിക്കടന്നാണ് പാറയിലെത്തിയത്. 1892 ഡിസംബര്‍ 25 മുതല്‍ 27 വരെ അദ്ദേഹം ഇവിടെ ധ്യാനനിരതനായി. 1970-ലാണ് ഇവിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സ്വാമി വിവേകാനന്ദന് സ്മാരകം നിര്‍മിച്ചത്.

2019ലെ തിരഞ്ഞെടുപ്പ് ഫലത്തിനുമുമ്പും മോദി സമാനരീതിയില്‍ ധ്യാനത്തിന് പോയിരുന്നു. ഉത്തരാഘണ്ഡിലെ കേദാര്‍നാഥിലെ ഗുഹയിലാണ് അദ്ദേഹം ധ്യാനത്തിനെത്തിയത്. ഹിമാലയത്തില്‍ 11,700 അടി മുകളിലുള്ള ഇന്ന് രുദ്ര ധ്യാനഗുഹ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു അന്ന് അദ്ദേഹം ഒരുദിവസം ചെലവഴിച്ചത്.