കേരള രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ സമാപന ചടങ്ങില്‍ യുവ സംവിധായകന്റെ പ്രതിഷേധം. മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം നേടിയ ബേണിൻറ സംവിധായകൻ മാക് മെര് മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയില്ല. എം ജി സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്റെ സമരത്തിനോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ചായിരുന്നു സംവിധായകന്റെ പ്രതിഷേധം.
അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ പുരസ്കാരം സ്വീകരിക്കാന്‍ ക്ഷണിച്ചെങ്കിലും വേദിയിലെത്തിയ മാക് മെര് മന്ത്രിയോട് തന്റെ പ്രതിഷേധം നേരിട്ട് അറിയിക്കുകയായിരുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനും അക്കാദമി ചെയർമാൻ കമലും ബാലഗോപാലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. ഇതോടെ പുരസ്കാരം മന്ത്രി വേദിയിലെ കസേരയില്‍ വെയ്ക്കുകയും മാക് മെര് അവിടെനിന്ന് എടുക്കുകയുമായിരുന്നു.
Read more
കേരളത്തില്‍ നിര്‍മ്മിച്ച മികച്ച ക്യാമ്പസ് ചിത്രം എന്ന നിലയില്‍ ആയിരുന്നു ബേണ്‍ പുരസ്കാരത്തിന് അര്‍ഹമായത്. അധ്യാപകനിൽ നിന്ന് നേരിടേണ്ടി വരുന്ന ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും എതിരെ പ്രതിഷേധിക്കുന്ന ഗവേഷക വിദ്യാർത്ഥികളുടെ കഥയാണ് ബേണ്‍ പറഞ്ഞത്. ബേണിന് ഒപ്പം രാജ് ഗോവിന്ദ് സംവിധാനം ചെയ്ത അണ്‍സീന്‍ വോയ്സും ഇതേ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമായിരുന്നു.