കോഴിക്കോട് മാലിന്യ പ്ലാന്റിന് എതിരെ പ്രതിഷേധം; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് ആവിക്കലില്‍ മാലിന ജല സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. റോഡില്‍ ഇരുന്നും കിടന്നുമെല്ലാമാണ് പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. 300ഓളം പൊലീസുകാരാണ് നിലവിലുള്ളത്.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസ് സമരപ്പന്തലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെയാണ് നാട്ടുകാര്‍ റോഡിലിറങ്ങി പ്രതിഷേധം തുടങ്ങിയത്. തീരദേശ പാത പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. പ്രദേശത്ത് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. മാലിന്യം കുന്നുകൂടിയാല്‍ അത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ നേരത്തെയും ആവിക്കലില്‍ പ്രതിഷേധം നടന്നിരുന്നു. മണ്ണ് പരിശോധനയ്ക്കായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ആയിരുന്നു പ്രതിഷേധം. ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തിയിരിക്കുന്നത്.