ഏകീകൃത കുര്‍ബാന വിവാദം: എറണാകുളം ബിഷപ്സ് ഹൗസിന് മുന്നില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം ബിഷപ്സ് ഹൗസിന് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം. സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാന തുടരണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കാന്‍ ഒരു വിഭാഗം എത്തിയത്. അതേസമയം ജനാഭിമുഖ കുര്‍ബാന തുടരണം എന്നാവശ്യപ്പെട്ട് മറുവിഭാഗവും എത്തി. ഇവര്‍ തമ്മില്‍ ചെറിയതോതില്‍ വാക്കേറ്റവുമുണ്ടായി. പൊലീസ് ഇടപെട്ടത് മൂലം സ്ഥലത്ത് സംഘര്‍ഷം ഒഴിവായി.

ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധിക്കുള്ളില്‍ എല്ലാ ദേവാലയങ്ങളിലേക്കും ഏകീകൃത കുര്‍ബാന ക്രമം കൊണ്ടുവരുകയെന്നതാണ് സിനഡിന്റെ തീരുമാനം.

1999-ലെ സിനഡാണ് അള്‍ത്താര അഭിമുഖ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും ഏകീകരിച്ച് പുതിയ ഫോര്‍മുലയായ 50:50 അതായത് ഏകീകൃത കുര്‍ബാന നിര്‍ദേശിച്ചത്. വിവിധ രൂപതകള്‍ ഇതില്‍ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടര്‍ന്നു. അടുത്തിടെ ചേര്‍ന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുര്‍ബാന തുടരുന്ന സ്ഥലങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടായത്.