അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. നീല വസ്ത്രങ്ങൾ ധരിച്ചാണ് പാർലമെന്റിലേക്ക് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
എൻഡിഎ- ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെൻറ് വളപ്പിൽ സംഘർഷം ഉടലെടുത്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ബിജെപി എപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു.
ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.