നിരീക്ഷകന്റെ നിര്‍ദ്ദേശം, കോട്ടയം ജില്ലയിലെ സൗജന്യ ഓണക്കിറ്റ് വിതരണം തടഞ്ഞു; മുപ്പതിനായിരത്തില്‍പരം കുടുംബങ്ങളെ ബാധിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ മുപ്പതിനായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ സപ്ലൈ ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.

തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഇപ്പോള്‍ വിതരണം ചെയ്യാവൂ എന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ദിനമായ സെപ്തംബര്‍ അഞ്ചിന് ശേഷം മാത്രമേ വിതരണം ചെയ്യാവൂ എന്നുമായിരുന്നു നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കമീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റുകള്‍ വിതരണം ചെയ്യില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ജില്ലയിലെ ഓണക്കിറ്റ് വിതരണം മാറ്റി.

Read more

എഎവൈ റേഷന്‍ കാര്‍ഡ് (മഞ്ഞ) ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും റേഷന്‍കട വഴി സൗജന്യമായാണ് ഓണക്കിറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും റേഷന്‍കട തുറന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പുതിയ നിര്‍ദേശം വന്നതോടെ ഇതെല്ലാം മാറ്റിവെച്ചു.