പിവി അന്‍വറിനും പുതിയ പാര്‍ട്ടിയ്ക്കും മുസ്ലിം ലീഗില്‍ സ്വാഗതം; അന്‍വര്‍ നടത്തുന്നത് ധീരമായ പോരാട്ടമാണെന്ന് കെഎം ഷാജി

ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും പരസ്യ പോരിനിറങ്ങിയ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി വെളിപ്പെടുത്തി. അന്‍വറിന്റേത് ധീരമായ നിലപാടാണെന്നും ഷാജി അഭിപ്രായപ്പെട്ടു.

അന്‍വറിന്റേത് ധീരമായ നിലപാട്. അന്‍വര്‍ അഴിമതിക്കാരനാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ധീരമായ പോരാട്ടമാണ് അന്‍വര്‍ നടത്തുന്നത്. അന്‍വറിന്റെ പാര്‍ട്ടി ലീഗിന് ഒരു വെല്ലുവിളിയല്ല. അന്‍വര്‍ കൊള്ളാവുന്ന കാര്യം പറഞ്ഞാല്‍ സ്വീകരിക്കും. അന്‍വര്‍ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാല്‍ സ്വാഗതം ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു.

കോഴിക്കോട് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജി. പിവി അന്‍വറിനെ പിന്തുണച്ച ഷാജി മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസോ പി ശശിയോ അജിത്കുമാറോ സുജിത്ദാസോ അല്ലെന്നും യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും കെഎം ഷാജി ആരോപിച്ചു.

മുഖ്യമന്ത്രി രാജി വയ്ക്കണം. ശിനവശങ്കറായിരുന്നു പിണറായിയുടെ ആദ്യ കൂടാടളി. പിന്നെ പി ശശി, എഡിജിപി അജിത്കുമാര്‍, സുജിത്ദാസ്. ഇവരെ മാറ്റിയാല്‍ പുതിയ ആള്‍ വരും. പിണറായി വിജയന്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാണെന്നും ഷാജി പറഞ്ഞു.