പിവി അന്‍വര്‍ പാര്‍ട്ടിയ്ക്ക് ദോഷമുണ്ടാക്കി; സിപിഎമ്മിനെ തിരുത്താന്‍ നോക്കുന്നത് ചരിത്രം അറിഞ്ഞിട്ടായിരിക്കണമെന്ന് ജി സുധാകരന്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിയ്ക്ക് ദോഷമുണ്ടാക്കിയെന്ന് പറഞ്ഞ ജി സുധാകരന്‍ ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ എല്‍ഡിഎഫില്‍ തുടരണമെന്നാണ് ആഗ്രഹം. പാര്‍ട്ടി വോട്ട് കൂടി നേടിയാണ് അന്‍വര്‍ എംഎല്‍എ ആയത്. അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തിയെന്നോ ക്ഷീണിപ്പിച്ചെന്നോ പറയാനാവില്ല. എന്നാല്‍ ദോഷമുണ്ടാക്കി. നിലമ്പൂര്‍ എംഎല്‍എയെ തള്ളിപ്പറയുന്നില്ല. താനാണെങ്കില്‍ കാര്യങ്ങള്‍ ഇത്തരത്തിലാവില്ല പറയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

അന്‍വര്‍ പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ തിരുത്താന്‍ നോക്കുന്നത് ചരിത്രം അറിഞ്ഞിട്ടായിരിക്കണം. പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് സിപിഎമ്മിന്റേത്. നിരവധി രക്തസാക്ഷികളുടെ ത്യാഗമാണ് പാര്‍ട്ടിയുടെ അടിത്തറ. പാര്‍ട്ടിയ്ക്ക് അധികാരം എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപാധി മാത്രമാണെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.