ശുചീകരണത്തിന് സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ച് റെയില്‍വേ; ജോയിയുടെ മാതാവിന് റെയില്‍വേ ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങി ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ മാതാവിന് റെയില്‍വേ ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനായി സ്ഥിരം സമിതിയുണ്ടാക്കാനും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തോട് ശുചീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ജോയിയുടെ മാതാവിന് റെയില്‍വേ ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ തദ്ദേശ മന്ത്രി, പൊതുമരാമത്ത് മന്ത്രി, ജലസേചന മന്ത്രി, ആരോഗ്യ മന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ റെയില്‍വേയുടെ ഡിആര്‍എമ്മും പങ്കെടുത്തിരുന്നു. രാവിലെ 11ന് ആരംഭിച്ച യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. റെയില്‍വേയുടെ മാലിന്യം റെയില്‍വേ തന്നെ നീക്കം ചെയ്യാന്‍ നീക്കം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

എന്നാല്‍ ഇതിനായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള പ്രദേശത്തെ മാലിന്യം നഗരസഭയും മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള പ്രദേശം മൈനര്‍ ഇറിഗേഷനും ശുചീകരിക്കും. മൈനര്‍ ഇറിഗേഷന്‍, നഗരസഭ, റെയില്‍വേ എന്നീ മൂന്ന് വകുപ്പുകളെയും സമന്വയിപ്പിച്ച് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി സ്ഥിരം സമിതിയെ രൂപീകരിച്ചു.

മനുഷ്യനെ ഒഴിവാക്കി യന്ത്രങ്ങളുടെ സഹായത്തോടെ ശുചീകരണം നടത്താനാണ് സമിതിയുടെ തീരുമാനം. സബ് കളക്ടറെ സമിതിയുടെ അധ്യക്ഷയായി തിരഞ്ഞെടുത്തു.