നയപ്രഖ്യാപന പ്രസംഗ വിവാദം; ഗവര്‍ണര്‍ വിളിച്ചാല്‍ മുട്ടുവിറച്ച് ഓടിച്ചെല്ലുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് നമ്മുടേതെന്ന് ചെന്നിത്തല

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയത് മനപൂര്‍വ്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വല്ല താത്പര്യവുമുണ്ടെങ്കില്‍ ഒരു പ്രമേയം അവതരിപ്പിച്ച് വിട്ടുപോയ ഭാഗം കൂട്ടിച്ചേര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തില്‍ സിപിഎെഎമ്മിന്റെ നിലപാട് തങ്ങള്‍ക്കറിയണം. വിഷയത്തില്‍ ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായില്ല. അല്ലെങ്കിലും പാര്‍ട്ടി കാര്യം മാത്രം നോക്കി നടക്കുന്ന മുഖ്യമന്ത്രിക്ക് നയപ്രസംഗം പോലും നോക്കാന്‍ സമയമില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഗവര്‍ണര്‍ വിളിച്ചാല്‍ മുട്ടുവിറച്ച് ഓടിച്ചെല്ലുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് നമ്മുടേത്. മുഖ്യമന്ത്രിയുടെ അമിത വിധേയത്വമാണ് ഇതിന്റെയൊക്കെ കാരണം. ഇക്കാര്യങ്ങളെല്ലാം സ്പീക്കറോട് തങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നുവെന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞത്. കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുവെന്ന പരാമര്‍ശവും ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഒഴിവാക്കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.