ബലാത്സംഗ കേസ്; ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യണം, ആവശ്യവുമായി പരാതിക്കാരി പൊലീസ് ആസ്ഥാനത്ത്‌

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെയുള്ള ബലാത്സംഗക്കേസില്‍ പൊലീസിനെതിരെ പരാതിക്കാരി. കേസെടുത്ത് രണ്ടുമാസം പിന്നിട്ടിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് പരാതിക്കാരി പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിക്ക് പരാതി നല്‍കി.

സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ സ്വാധീനിക്കുന്നു. ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂര്‍ സ്വദേശിനിയായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പീഡന പരാതി നല്‍കിയത്.

Read more

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നും പരാതിക്കാരി ആരോപിച്ചു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നേരത്തെ പരാതി നല്‍കാതിരുന്നത് എന്നും പരാതിക്കാരി പറഞ്ഞിരുന്നു.