ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം; പൊലീസ് വിശദമായ അന്വേഷണം നടത്തും

മുൻ എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ആത്മകഥയുടെ ഭാഗങ്ങൾ ഡിസിയിൽ നിന്നാണ് ചോർന്നതെങ്കിൽ അതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് അടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക.

കോട്ടയം ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട്, വ്യക്തത ഇല്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു. അതിനാൽ തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ ന്നും, ആത്മകഥയുടെ ഭാഗങ്ങൾ ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ഡിജിപിയുടെ ആവശ്യം.

ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് ഇ പി ജയരാജൻ മൊഴി നൽകിയിരുന്നു. എന്നാൽ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. ആത്മകഥയുടെ പകർപ്പ് പുറത്ത് പോയതുൾപ്പെടെ എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പരാതിക്കാരനായ ഇപിയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തും.