ഉത്തരവാദിത്വമുള്ള ഭരണാധികാരികൾ എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കും: സന്ദീപ് ജി.വാരിയർ

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) ഉച്ചകോടിയിൽ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെട്ടതിന്റെ വീഡിയോ ഇതിനകം ചര്‍ച്ചയായിരിക്കുകയാണ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നരേന്ദ്ര മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലി പ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കും അതാണ് കീഴ്‌വഴക്കവും പതിവും എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാരിയർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലി പ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കും. അതാണ് കീഴ്‌വഴക്കവും പതിവും.

രാഹുൽ ഗാന്ധിയുടെ പിതാവും മുത്തശ്ശിയുമെല്ലാം എഴുതി വായിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാണ് . രാജ്യത്തിൻറെ പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ് . ഇന്നലെ പ്രസംഗം തടസ്സപ്പെട്ടപ്പോഴും അദ്ദേഹം ഇന്ത്യയെക്കുറിച്ചായിരുന്നു പ്രസംഗിച്ചിരുന്നത് . ബിജെപിയെക്കുറിച്ചായിരുന്നില്ല.

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും രാജ്യത്തിന് ഒരു പ്രതിസന്ധി വന്നപ്പോൾ ഐക്യരാഷ്ട്ര സഭയിൽ പോയി പ്രസംഗിച്ച് രാജ്യത്തെ വിജയിപ്പിച്ചു വന്ന അടൽ ബിഹാരി വാജ്‌പേയിയെ ഈ നിമിഷം സ്മരിക്കുന്നു. രാഹുൽ ഗാന്ധിയിൽ നിന്ന് ആ സംസ്കാരം പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ.