മുകേഷിനും ഇടവേള ബാബുവിനും ആശ്വാസം; ഇരുവര്‍ക്കും ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ മുകേഷ് എംഎല്‍എയ്ക്കും ഇടവേള ബാബുവിനും ഇടക്കാല ആശ്വാസം. ഇരുവര്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്.

കേസില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

മുകേഷ് എംഎല്‍എയ്‌ക്കെതിരെയുള്ള പരാതിയില്‍ എറണാകുളം മരട് പൊലീസ് ആണ് കേസെടുത്തത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഫോര്‍ട്ട് കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മണിയന്‍പിള്ള രാജു നല്‍കിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തീര്‍പ്പാക്കി.

Read more

ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.