സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അപകടകരമായ രീതിയില്‍ പാറകള്‍ റോഡിലേക്ക് പതിക്കുന്ന സാഹചര്യം കണക്കിലെടുത്ത്
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അടിമാലി മൂന്നാര്‍ റൂട്ടില്‍ പള്ളിവാസലിന് സമീപവും ഉരുള്‍ പൊട്ടലില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിട്ടുണ്ട്.
ജില്ലയില്‍ പരക്കെ ശക്തമായ മഴയാണ് പെയ്യുന്നത്. തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ച് മേഖലകളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെ ഇടവിട്ട് കനത്ത മഴയായിരുന്നു. രാത്രിയും മഴയ്ക്കു ശമനമായിട്ടില്ല. കാര്യമായ കെടുതികള്‍ വൈകിട്ടുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാല്‍ പല പ്രദേശങ്ങളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ രാവിലെ 8ന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ പെയ്തതു ശരാശരി 63.32 മില്ലിമീറ്റര്‍ മഴയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയില്‍ ഇന്നും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
അതേസമയം, കാലവര്‍ഷം ആരംഭിച്ച് രണ്ടുമാസം ആകുമ്പോള്‍ ജില്ലയില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെന്നാണ് കണക്കുകള്‍. ജൂണ്‍ 1 മുതല്‍ ഇന്നലെ രാവിലെ വരെ ജില്ലയില്‍ ലഭിച്ചതു 1038 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴ 1506.7 മില്ലിമീറ്റര്‍. 31 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.