'കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല, പകരം നേതാക്കൾ തന്നെ മുക്കുകയാണ്'; വിമർശനവുമായി ആർ.എസ്.പി

കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ യു.ഡി.എഫിലും അമർഷം. കോൺഗ്രസിനെതിരെ പരസ്യവിമർശനവുമായി ആർ.എസ്.പി നേതാക്കൾ രംഗത്ത്. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്ന് ആർ.എസ്.പി നേതാവ് നേതാവ് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

‘കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിജുവിന്റെ പ്രതികരണം.

‘രാജ്യത്ത് കോൺഗ്രസിന്റെ ആവശ്യം മനസ്സിലാക്കി ഒപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. പക്ഷേ കോൺഗ്രസിന്റെ നേതാക്കൾ അത് മനസ്സിലാക്കുന്നില്ലെന്നും’ ഷിബു ബേബി ജോൺ  പ്രതികരിച്ചു.

Read more

യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ആർ.എസ്.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ആർ.എസ്.പിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെ തിങ്കളാഴ്ച  യുഡിഎഫ് യോഗത്തിന് മുമ്പ് അവരുമായി ചര്‍ച്ച നടത്തുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സൻ അറിയിച്ചിട്ടുണ്ട്.