മുസ്ലീം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; തളി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്ന് സന്ദീപ് വാര്യര്‍

മുസ്ലീം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍. തളി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണ്. കെപിസിസി നിര്‍ദേശപ്രകാരമാണ് പാണക്കാട്ട് എത്തിയതെന്നും അദേഹം പറഞ്ഞു. തന്റെ മുന്‍പത്തെ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായിരുന്നപ്പോള്‍ എടുത്തത്.

മതനിരപേക്ഷ നിലപാടുകളാണ് താന്‍ വ്യക്തി ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും സന്ദീപ് പറഞ്ഞു.അതേസമയം, ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ്സ് പ്രവേശനം മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ പാണക്കാട് പോയി എന്ന വാര്‍ത്ത കണ്ടു. ലീഗ് അണികള്‍ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്.

ബാബറി മസ്ജിദ് തകര്‍ത്ത ശേഷമുള്ള ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ആണ് ഓര്‍മവന്നത്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലീഗ് ബാബറി മസ്ജിദ് തകര്‍ത്ത കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍എസ്എസ് നേതൃത്വത്തില്‍ ഉള്ള സംഘപരിവാര്‍ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ള കേന്ദ്ര ഗവണ്‍മെന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.