മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

സായുധ സംഘം തട്ടിക്കൊണ്ടുപോയ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ ഇതോടകം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി. വിവിധ ഇടങ്ങളില്‍ ജനപ്രതിനിധികളുടെ വീടുകള്‍ തകര്‍ത്തു.

ബീരേന്‍ സിംഗിന്റെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടുന്നുണ്ട്.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണം മാറ്റിവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ആഭ്യന്തര മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. ആക്രമണങ്ങള്‍ രൂക്ഷമായതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ കനത്തത്. കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മണിപ്പൂര്‍-അസം അതിര്‍ത്തി പ്രദേശമായ ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.