സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചെന്നതായിരുന്നു പ്രശാന്തിന്റെ മൊഴി. പ്രകാശ് ഇത് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. ഈ മൊഴിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. അഡീ.മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നല്‍കിയത്. മൊഴിമാറ്റാനിടയായ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സംഭവത്തില്‍ പ്രശാന്ത് പ്രതികരിക്കാന്‍ തയ്യാറായില്ല.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നാലര വര്‍ഷം പിന്നിടുമ്പോഴായിരുന്നു നിര്‍ണായ വഴിത്തിരിവായി വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തുവന്നത്.  പ്രശാന്തിന്‍റെ സഹോദരന്‍ പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ജീവനൊടുക്കുന്ന ദിവസം പ്രകാശിന് മര്‍ദ്ദനമേറ്റെന്നുംആശ്രമം കത്തിച്ചത് താനും സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് പ്രകാശ് പറഞ്ഞിരുന്നെന്നുമായിരുന്നു പ്രശാന്ത് പറഞ്ഞത്.

സൂഹൃത്തുക്കള്‍ മര്‍ദ്ദച്ചതിനെ തുടര്‍ന്നായിരുന്നു പ്രകാശിന്റെ ആത്മഹത്യയെന്നും പ്രശാന്ത് പറഞ്ഞിരുന്നു. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ പ്രകാരം  രഹസ്യമൊഴി രേഖപ്പെടുത്താന്‍  അഡീ.മജിസ്‌ട്രേറ്റിന് മുന്നിലെത്തിയപ്പോഴാണ് പ്രശാന്ത് മൊഴി മാറ്റിയിരിക്കുന്നത്.

നാലുവര്‍ഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസ് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടന്നത്.